Dailyhunt Logo
ജോര്‍ളിയുടെ മരണം കൊലപാതകം; കവിളില്‍ കുത്തിപ്പിടിച്ച്‌ ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിച്ചതെന്ന് മരണമൊഴി; വിഷം വാങ്ങിക്കൊണ്ടു വന്നതും ടോണിയെന്ന് ജോര്‍ളി

ജോര്‍ളിയുടെ മരണം കൊലപാതകം; കവിളില്‍ കുത്തിപ്പിടിച്ച്‌ ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിച്ചതെന്ന് മരണമൊഴി; വിഷം വാങ്ങിക്കൊണ്ടു വന്നതും ടോണിയെന്ന് ജോര്‍ളി

മറുനാടന്‍ മലയാളി

·11d

·3 share

തൊടുപുഴ: തൊടുപുഴയിലെ ജോര്‍ളി വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്.

വിഷം വാങ്ങിക്കൊണ്ടു വന്നതും ടോണിയെന്ന് ജോര്‍ളി മൊഴി നല്‍കി. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ജോര്‍ളിയുടെ മരണ മൊഴിക്ക് പിന്നാലെ ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേ കൊലക്കുറ്റം ചുമത്തി. ടോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് അപേക്ഷ നല്‍കും. ജൂണ്‍ 26-നാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ജോര്‍ളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28-നാണ് യുവതി മജിസ്ട്രേറ്റിന് മുമ്ബില്‍ മരണ മൊഴി നല്‍കിയത്.

ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച്‌ യുവതിയുടെ അച്ഛന്‍ ജോണ്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയും ഭര്‍ത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് പിന്നിലെ ചായ്പില്‍വെച്ചാണ് സംഭവം. നിന്നെ ഞാന്‍ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളില്‍ കുത്തിപ്പിടിച്ച്‌ ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോര്‍ളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്.

ജോര്‍ളിയെ, ടോണി നിരന്തരം മര്‍ദിച്ചിരുന്നുവെന്നും പോയി മരിക്കാന്‍ പറയുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹസമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി വാങ്ങിയെടുത്തുവെന്നും ജോര്‍ളിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലുണ്ട്. മുട്ടം എസ്‌എച്ച്‌ഒ ഇ.കെ. സോള്‍ജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൈങ്ങോട്ടൂര്‍ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.

  • Facebook
  • X (formerly Twitter)
  • LinkedIn
  • Instagram
  • Reddit
  • WhatsApp
  • Telegram
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali

Your Reaction?

1
1